Loading time...
Business

വില കുതിച്ചുയർന്നു; ഇന്ത്യയിൽ സ്വർണ്ണ ആവശ്യകതയിൽ 29 ശതമാനം ഇടിവ്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 8 Nov 2026, 8:11 am
Updated on: 8 Nov 2026, 8:11 am
Share:
Follow Us: YouTube
Feature Image

റെക്കോർഡ് വിലക്കയറ്റം സ്വർണ്ണ വിപണിക്ക് തിരിച്ചടിയായതോടെ ഇന്ത്യയിലെ സ്വർണ്ണ ആവശ്യകതയിൽ വൻ ഇടിവ്. 2026 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം പാദത്തിൽ രാജ്യത്തെ സ്വർണ്ണ ആവശ്യകത മുൻവർഷത്തെ അപേക്ഷിച്ച് 29 ശതമാനം കുറഞ്ഞ് 162.5 ടണ്ണിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 229.8 ടണ്ണായിരുന്നു ആവശ്യകത. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

 

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ പാദത്തിൽ സ്വർണ്ണത്തിന്റെ ശരാശരി ആഭ്യന്തര വില 45 ശതമാനത്തോളം ഉയർന്നതാണ് ഉപഭോക്താക്കളെ പിന്നോട്ടടിച്ചത്. 2026 ജൂലൈ-സെപ്റ്റംബർ കാലയളവിൽ 10 ഗ്രാം സ്വർണ്ണത്തിന്റെ ശരാശരി വില 1,48,891 രൂപയായിരുന്നു. മുൻവർഷം ഇതേ കാലയളവിൽ ഇത് 1,02,287 രൂപയായിരുന്നു. ഉയർന്ന വിലയ്ക്കൊപ്പം ഇറക്കുമതി തീരുവയിലെ വർധനയും രൂപയുടെ മൂല്യത്തകർച്ചയും വിപണിയെ ബാധിച്ചു.

 

സ്വർണ്ണാഭരണങ്ങളുടെ ആവശ്യകതയിലും വലിയ കുറവുണ്ടായി. മുൻവർഷത്തെ 125 ടണ്ണിൽനിന്ന് 20 ശതമാനം കുറഞ്ഞ് 99.9 ടണ്ണായി. എന്നാൽ വില ഉയർന്നതോടെ ആഭരണങ്ങൾക്കായി ചെലവഴിച്ച തുക 16 ശതമാനം വർധിച്ച് 1.48 ലക്ഷം കോടി രൂപയിലെത്തി. സ്വർണ്ണക്കട്ടികളും നാണയങ്ങളും വാങ്ങുന്നതിനുള്ള ആവശ്യകത 40 ശതമാനം കുറഞ്ഞ് 55 ടണ്ണായി. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ (ഇടിഎഫ്) നിക്ഷേപവും 50 ശതമാനം ഇടിഞ്ഞ് 5.3 ടണ്ണിലെത്തി.

 

സ്വർണ്ണത്തിന്റെ അളവിലുള്ള ആവശ്യകത കുറഞ്ഞെങ്കിലും വിപണിയുടെ മൊത്തം മൂല്യത്തിൽ വർധനയുണ്ടായി. മുൻവർഷത്തെ 2.35 ലക്ഷം കോടി രൂപയിൽനിന്ന് മൂന്ന് ശതമാനം ഉയർന്ന് 2.41 ലക്ഷം കോടി രൂപയായി. വില വർധിച്ചതിനാൽ കുറഞ്ഞ അളവിൽ സ്വർണ്ണം വാങ്ങിയിട്ടും ഉപഭോക്താക്കളുടെ മൊത്തം ചെലവ് ഉയർന്നതാണ് ഇതിന് കാരണം.

 

അതേസമയം, വരാനിരിക്കുന്ന ഉത്സവകാലവും വിവാഹ സീസണും സ്വർണ്ണ വിപണിക്ക് ഉണർവേകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഉയർന്ന വിലയെ മറികടക്കാൻ കുറഞ്ഞ തൂക്കത്തിലുള്ള ആഭരണങ്ങൾക്കും പഴയ സ്വർണ്ണം കൈമാറിയുള്ള പുതിയ വാങ്ങലുകൾക്കും ഉപഭോക്താക്കൾ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. 2026-ലെ ഇന്ത്യയുടെ ആകെ സ്വർണ്ണ ആവശ്യകത 625 മുതൽ 675 ടൺ വരെയാകുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ വിലയിരുത്തൽ.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .