യൂറോപ്പിൽ ക്രൈസ്തവർക്കെതിരായ വിദ്വേഷവും ആക്രമണങ്ങളും വർധിക്കുന്നതായി പുതിയ റിപ്പോർട്ട്. 2025-ൽ വിശ്വാസത്തിന്റെ പേരിൽ വ്യക്തികൾക്കെതിരെ നടന്ന ആക്രമണങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് 44 ശതമാനം വർധനയുണ്ടായതായി ഒബ്സർവേറ്ററി ഓൺ ഇൻടോളറൻസ് ആൻഡ് ഡിസ്ക്രിമിനേഷൻ എഗൈൻസ്റ്റ് ക്രിസ്ത്യൻസ് (OIDAC Europe) വ്യക്തമാക്കി. നവംബർ 16-ന് പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് ആശങ്കയുണർത്തുന്ന കണക്കുകൾ പുറത്തുവിട്ടത്.
2025-ൽ യൂറോപ്പിലാകെ 2,465 ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളും സംഭവങ്ങളും റിപ്പോർട്ട് ചെയ്തതായി സംഘടന അറിയിച്ചു. ഇതിൽ ശാരീരിക ആക്രമണം, ഭീഷണി, ഉപദ്രവം എന്നിവ ഉൾപ്പെടെ വ്യക്തികൾക്കെതിരായ കുറഞ്ഞത് 395 സംഭവങ്ങളുണ്ട്. 2024-ൽ ഇത്തരം ആക്രമണങ്ങളുടെ എണ്ണം 274 ആയിരുന്നു. അതേസമയം, റിപ്പോർട്ട് ചെയ്ത സംഭവങ്ങളിൽ ഭൂരിഭാഗവും പള്ളികൾക്കും മറ്റ് ക്രൈസ്തവ ആരാധനാകേന്ദ്രങ്ങൾക്കും നേരെയായിരുന്നു. തീവെപ്പ്, നശീകരണം, മതപരമായ വസ്തുക്കളെ അപമാനിക്കൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
ഫ്രാൻസിലാണ് ഏറ്റവും കൂടുതൽ ക്രൈസ്തവ വിരുദ്ധ സംഭവങ്ങൾ സർക്കാർ തലത്തിൽ രേഖപ്പെടുത്തിയത്. 843 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ 624 സംഭവങ്ങളും ജർമനിയിൽ 337 സംഭവങ്ങളും ഓസ്ട്രിയയിൽ 134 സംഭവങ്ങളും രേഖപ്പെടുത്തി. ഫ്രാൻസിൽ വ്യക്തികൾക്കെതിരായ ആക്രമണങ്ങളിൽ 70 ശതമാനം വർധനയുണ്ടായതായും വൈദികർക്കും സഭാ ഉദ്യോഗസ്ഥർക്കും നേരെയുള്ള ശാരീരിക ആക്രമണങ്ങൾ നാലിരട്ടിയായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ടിൽ പരാമർശിച്ച ഗുരുതര സംഭവങ്ങളിൽ ഫ്രാൻസിലെ ലിയോണിൽ ക്രൈസ്തവ സന്ദേശങ്ങൾ തത്സമയം പങ്കുവെക്കുന്നതിനിടെ അസീറിയൻ ക്രൈസ്തവനായ അഷൂർ സർണായ കുത്തേറ്റു കൊല്ലപ്പെട്ട സംഭവവും ഉൾപ്പെടുന്നു. പോളണ്ടിൽ ഒരു കത്തോലിക്കാ വൈദികൻ സ്വന്തം വസതിയിൽ കൊല്ലപ്പെട്ടതും ജർമനിയിൽ ക്രൈസ്തവ വിരുദ്ധ കൊലപാതകശ്രമം നടന്നതും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
അതേസമയം, രാജ്യങ്ങൾക്കിടയിലെ കണക്കുകൾ താരതമ്യം ചെയ്യുന്നതിൽ ചില പരിമിതികളുണ്ടെന്നും OIDAC ചൂണ്ടിക്കാട്ടുന്നു. വിവിധ രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്ന രീതികൾ വ്യത്യസ്തമാണ്. അതിനാൽ ചില ആക്രമണങ്ങൾ ഔദ്യോഗിക ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടാതെ പോകുന്ന സാഹചര്യമുണ്ട്. ക്രൈസ്തവർക്കെതിരായ വിദ്വേഷം തടയുന്നതിനായി യഹൂദവിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയയ്ക്കുമെതിരെ പ്രവർത്തിക്കുന്ന സംവിധാനങ്ങൾക്ക് സമാനമായി യൂറോപ്യൻ യൂണിയനിൽ പ്രത്യേക കോർഡിനേറ്ററെ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്സുകളിൽ നിന്നും എടുത്തതാണ് .