മരണം സംഭവിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനിടെ പുറത്തുവരുന്ന ചൂട് ഉപയോഗിച്ച് വീടുകളും സ്കൂളുകളും നീന്തൽക്കുളങ്ങളും ചൂടാക്കുക. കേൾക്കുമ്പോൾ അൽപ്പം വിചിത്രമായി തോന്നാമെങ്കിലും യൂറോപ്പിൽ ഇപ്പോൾ നടപ്പിലാകുന്നത് ഇത്തരമൊരു ആശയമാണ്. ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുമ്പോൾ പുറത്തുവരുന്ന താപം പാഴാക്കാതെ ശേഖരിച്ച് വീണ്ടും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും ഈ രീതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇംഗ്ലണ്ടിലെ റെഡിച് നഗരത്തിലാണ് ഈ പരീക്ഷണത്തിന് തുടക്കമായത്. 2011-ൽ പ്രദേശത്തെ ഒരു നീന്തൽക്കുളം ചൂടാക്കാൻ സമീപത്തെ ശ്മശാനത്തിൽ നിന്നുള്ള താപം ഉപയോഗിക്കാമെന്ന നിർദേശം പ്രാദേശിക ഭരണകൂടം മുന്നോട്ടുവെച്ചു. തുടക്കത്തിൽ വലിയ എതിർപ്പാണ് ഇതിനെതിരെ ഉയർന്നത്. എന്നാൽ പദ്ധതിയുമായി അധികൃതർ മുന്നോട്ടുപോയി. 2013 മുതൽ ശ്മശാനത്തിലെ ചൂട് ഉപയോഗിച്ചാണ് ഇവിടുത്തെ നീന്തൽക്കുളത്തിലെ വെള്ളം ചൂടാക്കി നിലനിർത്തുന്നത്. പരിസ്ഥിതി സൗഹൃദ പദ്ധതിക്കുള്ള പുരസ്കാരവും പിന്നീട് ഈ സംവിധാനത്തിന് ലഭിച്ചു.
എങ്ങനെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത് എന്നറിയാമോ? മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ചൂളകളിൽ നിന്നുള്ള ചൂടുള്ള വാതകങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഹീറ്റ് എക്സ്ചേഞ്ചർ എന്ന ഉപകരണത്തിന്റെ സഹായത്തോടെ ഈ ചൂട് വെള്ളത്തിലേക്ക് കൈമാറും. പിന്നീട് പ്രത്യേക ഇൻസുലേഷൻ നൽകിയ ഭൂഗർഭ പൈപ്പുകളിലൂടെ ചൂടുവെള്ളം നീന്തൽക്കുളത്തിലേക്ക് എത്തിക്കും. ഏകദേശം 200 മീറ്റർ നീളമുള്ള പൈപ്പ് സംവിധാനത്തിലൂടെയാണ് റെഡിചിൽ ചൂട് എത്തിക്കുന്നത്. ഇവിടെ പ്രതിവർഷം ഏകദേശം 1,200 മൃതദേഹങ്ങളാണ് ദഹിപ്പിക്കുന്നത്. ഈ സംവിധാനം വഴി കൗൺസിലിന് ഓരോ വർഷവും വലിയൊരു തുക ഇന്ധനച്ചെലവിൽ ലാഭിക്കാനാകുന്നുണ്ട്.
ഇപ്പോൾ ഈ ആശയം സ്കൂളുകളിലേക്കും വ്യാപിപ്പിക്കുകയാണ് സ്കോട്ട്ലൻഡിലെ അബർഡീനിൽ. നിർമാണം പുരോഗമിക്കുന്ന ഒരു സ്കൂളിന് സമീപത്തെ ശ്മശാനത്തിൽ നിന്നുള്ള അധിക താപം എത്തിക്കാനാണ് പദ്ധതി. പ്രതിവർഷം ഏകദേശം ഒരു ഗിഗാവാട്ട് മണിക്കൂറിനടുത്ത് ചൂട് ഇവിടെനിന്ന് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. സ്കൂളിന് ആവശ്യമായ ആകെ താപത്തിന്റെ പകുതിയോളം ഇതിലൂടെ കണ്ടെത്താനാകും. ബാക്കി ആവശ്യത്തിനായി ഹീറ്റ് പമ്പ് സംവിധാനവും ഉപയോഗിക്കും. 2027 ഫെബ്രുവരിയോടെ പദ്ധതി പൂർണതോതിൽ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഫിൻലൻഡിലും ഇതിലും വലിയൊരു പദ്ധതിയാണ് ഒരുങ്ങുന്നത്. കങ്കസാല നഗരത്തിൽ 2028-ൽ പ്രവർത്തനം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വൈദ്യുത ശ്മശാനത്തിൽ നിന്നുള്ള അധിക ചൂട് നഗരത്തിലെ കേന്ദ്രീകൃത താപവിതരണ ശൃംഖലയിലേക്ക് കൈമാറും. ഈ ശൃംഖല വഴി 6,500-ലധികം വീടുകളിലേക്കാണ് ചൂടുവെള്ളം എത്തിക്കുന്നത്. ശ്മശാനത്തിന്റെ മേൽക്കൂരയിൽ സ്ഥാപിക്കുന്ന സോളാർ പാനലുകളിൽ നിന്നുള്ള വൈദ്യുതിയും പദ്ധതിക്ക് പ്രയോജനപ്പെടുത്തും.
എന്നാൽ ഇത്തരം പദ്ധതികൾ കൊണ്ട് യൂറോപ്പിന്റെ മുഴുവൻ ഊർജാവശ്യം നിറവേറ്റാനാകില്ലെന്നതും യാഥാർഥ്യമാണ്. ബ്രിട്ടനിലെ എല്ലാ ശ്മശാനങ്ങളിൽ നിന്നുമുള്ള പാഴ്‌ചൂട് ശേഖരിച്ചാലും രാജ്യത്തിന്റെ ആകെ താപന ആവശ്യത്തിന്റെ ഏകദേശം ഒരു ശതമാനം മാത്രമേ കണ്ടെത്താനാകൂ എന്നാണ് 2024-ലെ ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്. എങ്കിലും അന്തരീക്ഷത്തിലേക്ക് വെറുതെ നഷ്ടപ്പെടുന്ന ഊർജം വീണ്ടും ഉപയോഗപ്പെടുത്തുന്നത് പരിസ്ഥിതി സംരക്ഷണത്തിന് സഹായകരമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ശ്മശാനങ്ങളിൽ നിന്നുള്ള ചൂട് വീടുകളിലേക്കും സ്കൂളുകളിലേക്കും എത്തിക്കുന്ന ഈ രീതി യൂറോപ്പിൽ പുതിയൊരു ചർച്ചയ്ക്കും വഴിയൊരുക്കുന്നുണ്ട്. ഊർജപ്രതിസന്ധിയും വർധിച്ചുവരുന്ന ഇന്ധനച്ചെലവും നേരിടാൻ ലഭ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണമെന്ന ചിന്തയാണ് ഇത്തരം പദ്ധതികൾക്ക് പിന്നിൽ. പാഴായിപ്പോകുന്ന ഊർജം പോലും പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ പരിസ്ഥിതിക്കും സാമ്പത്തിക രംഗത്തിനും ഒരുപോലെ ഗുണകരമാകുമെന്നാണ് ഈ പരീക്ഷണങ്ങൾ നൽകുന്ന സന്ദേശം.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .