Loading time...
Local

വയനാട്ടിൽ ട്രൈബൽ സർവകലാശാല; നടപടികൾ വേഗത്തിലാക്കി സർക്കാർ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 3 Oct 2026, 4:27 am
Updated on: 3 Oct 2026, 4:27 am
Share:
Follow Us: YouTube
Feature Image

ആദിവാസി സമൂഹങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനും പാരമ്പര്യ വിജ്ഞാനത്തിന്റെ സംരക്ഷണത്തിനുമായി വയനാട്ടിൽ ട്രൈബൽ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ ശക്തമാക്കി. പദ്ധതിയുടെ നടത്തിപ്പിനായി പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രത്യേക ഉദ്ദേശ്യസംഘം (Special Purpose Vehicle) രൂപീകരിച്ചു.

 

രാജ്യത്തെ നിലവിലുള്ള ട്രൈബൽ സർവകലാശാലകളുടെ മാതൃകകൾ പരിഗണിച്ചാകും പുതിയ സ്ഥാപനത്തിന്റെ രൂപീകരണം. ആദിവാസി വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസം, ഗോത്രഭാഷകളും സംസ്കാരവും സംരക്ഷിക്കൽ, പാരമ്പര്യ അറിവുകളിലെ ഗവേഷണം, നൈപുണ്യ വികസനം എന്നിവയ്ക്ക് പദ്ധതിയിൽ പ്രധാന പരിഗണന നൽകും.

 

2026–27ലെ സംസ്ഥാന ബജറ്റിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തദ്ദേശീയ വിജ്ഞാനം, പാരമ്പര്യ വൈദ്യം, ഗോത്രഭാഷകൾ, പരമ്പരാഗത കൃഷിരീതികൾ എന്നിവ ശാസ്ത്രീയമായി രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ലക്ഷ്യം. ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രതിരോധം, ആദിവാസി മേഖലകളിലെ ഗവേഷണം എന്നിവയ്ക്കും പ്രാധാന്യം നൽകും.

 

ഗോത്രകലകൾ, കരകൗശലം, പരമ്പരാഗത സാങ്കേതികവിദ്യകൾ എന്നിവയിൽ പഠനത്തിനും ഗവേഷണത്തിനും അവസരങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്. പണിയ, കുറിച്യ, കാട്ടുനായ്ക്ക, അടിയ തുടങ്ങിയ വിഭാഗങ്ങളുടെ പ്രാദേശിക ഭാഷകളും വാമൊഴി പാരമ്പര്യങ്ങളും ഡിജിറ്റൽ രീതിയിൽ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്നു.

 

പദ്ധതിയുടെ ഭാഗമായി തദ്ദേശീയ വിജ്ഞാന പഠനത്തിനൊപ്പം തൊഴിൽ, നൈപുണ്യ വികസനം, ഗവേഷണം, സാമൂഹിക-സാമ്പത്തിക പുരോഗതി എന്നിവയെ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .