വോട്ടർ പട്ടികയിൽനിന്ന് ലക്ഷക്കണക്കിന് പേരുകൾ ഒഴിവാക്കിയതിൽ ക്രമക്കേടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ദില്ലിയിൽ കനത്ത സുരക്ഷയും മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണ്. ജനാധിപത്യാവകാശങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രീയ പോരാട്ടം ദേശീയ തലസ്ഥാനത്തെ വീണ്ടും സംഘർഷഭരിതമാക്കുമ്പോൾ പ്രതിപക്ഷ പാർട്ടികൾ
വോട്ടവകാശം, ജനാധിപത്യം, തിരഞ്ഞെടുപ്പ് സുതാര്യത എന്നിവ രാജ്യത്ത് നഷ്ട്ടപ്പെട്ടു എന്ന് വാദിക്കുകയാണ്. രാജ്യത്തിന്റെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവായി വീണ്ടും ദില്ലി മാറുകയാണ്
വോട്ടർ പട്ടികയിൽനിന്ന് കോടിക്കണക്കിന് പേരുകൾ ഒഴിവാക്കപ്പെട്ടതിൽ ക്രമക്കേടുണ്ടെന്നും ന്യൂനപക്ഷങ്ങളുൾപ്പെടെയുള്ള വിഭാഗങ്ങളുടെ വോട്ടവകാശം ബാധിക്കപ്പെട്ടേക്കാമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പക്ഷപാതമുണ്ടെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും നിഷേധിക്കുന്നു.
പ്രതിഷേധത്തിന് രാഷ്ട്രീയ നേതൃത്വം നൽകുന്നത് കോൺഗ്രസും ഇന്ത്യാ സഖ്യത്തിലെ മറ്റ് കക്ഷികളുമാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും വോട്ടർ പട്ടിക പരിഷ്കരണത്തിലെ ആരോപണങ്ങളിൽ നടപടിയും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നേരിൽക്കണ്ട് നിവേദനം നൽകാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിന് അനുകൂല പ്രതികരണം ലഭിച്ചില്ല. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ നിയമപരമായ നടപടിക്രമങ്ങളിലൂടെ മുന്നോട്ടുപോകണമെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിലപാടെന്നാണ് സൂചന.
പ്രതിഷേധം കണക്കിലെടുത്ത് ദില്ലിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പട്ടേൽ ചൗക്ക്, ജൻപഥ്, രാജീവ് ചൗക്ക്, മണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ്, ബരാഖംബ റോഡ് എന്നീ ആറ് മെട്രോ സ്റ്റേഷനുകളിൽ രാവിലെ ആറുമുതൽ വൈകിട്ട് നാലുവരെ പ്രവേശനവും പുറത്തേക്കുള്ള യാത്രയും നിയന്ത്രിച്ചിട്ടുണ്ട്. ഈ സ്റ്റേഷനുകളിലെ ഇന്റർചേഞ്ച് സൗകര്യം തുടരുമെന്നാണ് ദില്ലി മെട്രോ അറിയിച്ചിരിക്കുന്നത്. നഗരത്തിലെ ഇരുപതിലധികം റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിലും സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥി സംഘടനകളും യുവജന കൂട്ടായ്മകളും പ്രതിഷേധത്തിൽ പങ്കുചേർന്നിട്ടുണ്ട്.
ജന്തർ മന്തറിലെ പ്രതിഷേധങ്ങൾക്കുള്ള നിയന്ത്രണങ്ങളും പൊതുജനങ്ങൾക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും സംബന്ധിച്ച നിയമപോരാട്ടവും തുടരുകയാണ്.
അതേസമയം, വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതായി കണ്ടെത്തുന്ന അർഹരായവർക്ക് വീണ്ടും പേര് ചേർക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
വോട്ടർ പട്ടികയിലെ പരിഷ്കരണം സുതാര്യമാണോ? അർഹരായ ഒരാൾക്കുപോലും വോട്ടവകാശം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കഴിയുമോ എന്ന ചോദ്യവും തരുന്നുണ്ട്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രമായ പ്രവർത്തനവും അതിന്റെ ഉത്തരവാദിത്തവും എങ്ങനെ ഉറപ്പാക്കും എന്ന ചോദ്യവും
ദില്ലിയിലെ പ്രതിഷേധം ഉയർത്തുന്നുണ്ട്.
വോട്ടർ പട്ടിക പരിഷ്കരണത്തെച്ചൊല്ലിയുള്ള പ്രതിഷേധം രാഷ്ട്രീയ പോരാട്ടത്തിനപ്പുറം രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ചർച്ചയായി മാറുകയാണ്. ദില്ലിയിൽ ഇന്ന് നടക്കുന്ന മാർച്ചും തുടർന്നുള്ള നിയമനടപടികളും ദേശീയ രാഷ്ട്രീയത്തിൽ നിർണായകമാകും
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്സുകളിൽ നിന്നും എടുത്തതാണ് .