Loading time...
Local

കോവളത്തെ സ്പാ പീഡനക്കേസ്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് സ്പാ ശൃംഖലയുമായി അടുത്ത ബന്ധമെന്ന് പൊലീസ്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 21 Oct 2026, 8:02 am
Updated on: 6 Nov 2026, 6:03 am
Share:
Follow Us: YouTube
Feature Image

കോവളത്തെ സ്പായിൽ ആന്ധ്രാ സ്വദേശിനിയായ 16 വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായ കേസിൽ അറസ്റ്റിലായ കോർപറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് തിരുവനന്തപുരത്തെ സ്പാ ശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ്.

 

 നഗരത്തിലെ വിവിധ സ്പാകളുടെ നടത്തിപ്പിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും സംസ്ഥാനത്തിനു പുറത്തുനിന്ന് സ്ത്രീകളെ എത്തിക്കുന്നതിൽ ഇയാളുടെ പങ്കെന്താണെന്നും അന്വേഷിച്ചുവരികയാണ്. കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതിയായ നിഷാന്തിനെ കോവളത്ത് ഡ്രീംസ് സ്പാ ആരംഭിക്കാൻ പ്രേരിപ്പിച്ചത് അനുരൂപാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 

ഹെൽത്ത് ഇൻസ്പെക്ടർ എന്ന നിലയിൽ ലഭിച്ച ബന്ധങ്ങളിലൂടെയാണ് അനുരൂപ് സ്പാ ബിസിനസിലേക്ക് കടന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഉള്ളൂർ സോണൽ ഓഫിസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ സ്പാ നടത്തിപ്പിൽ പങ്കാളിയായതെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

 

നേരത്തെ വിഴിഞ്ഞത്ത് ജോലി ചെയ്തിരുന്ന സമയത്തും ഇയാൾക്കെതിരെ കൈക്കൂലി ആരോപണം ഉയർന്നിരുന്നു. തുടർന്ന് തിരുമല, തിരുവല്ലം എന്നിവിടങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. അനുരൂപിന്റെ നാല് ബാങ്ക് അക്കൗണ്ടുകളിലായി ലക്ഷക്കണക്കിന് രൂപയുടെ അസ്വാഭാവിക ഇടപാടുകൾ കണ്ടെത്തിയതായും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിലുണ്ട്.

 

കേസിലെ പെൺകുട്ടിയെ കോവളത്ത് എത്തിക്കുന്നതിന് മുമ്പ് അനുരൂപുമായി സംസാരിച്ചിരുന്നുവെന്ന മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇയാളെ കോർപറേഷൻ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സർവീസിൽനിന്ന് പിരിച്ചുവിടുന്നതുൾപ്പെടെയുള്ള നടപടികളും അധികൃതർ പരിഗണിക്കുന്നതായാണ് വിവരം.

 

സ്പായിൽ എത്തിയശേഷം പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന മറ്റു വ്യക്തികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇടപാടുകാരുടെ ഗൂഗിൾ പേ ഇടപാട് വിവരങ്ങൾ, ഫോൺ നമ്പറുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പൊലീസ് സൈബർ വിഭാഗത്തിന് കൈമാറി. രണ്ടാഴ്ചത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. സംശയിക്കുന്നവരെ തിരിച്ചറിഞ്ഞ് തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പെൺകുട്ടി തിരിച്ചറിയുന്നവർക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കുന്നതും പരിഗണിക്കുന്നുണ്ട്.

 

അതേസമയം, പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ മനുഷ്യക്കടത്ത് സംബന്ധിച്ച കേസെടുക്കാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്. സ്പാ നടത്തിപ്പിലെ സാമ്പത്തിക ഇടപാടുകൾ, സ്ത്രീകളെ എത്തിച്ച രീതികൾ, സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നത് എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .