ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിൽ പ്രതിഷേധവുമായി രംഗത്തെത്താനുള്ള സി.ജെ.പിയുടെ നീക്കത്തിന് പിന്നാലെ കാര്യങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് ശിവാജി പാർക്ക് മൈതാനത്ത് നടത്താനിരുന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് പുതിയ സംഭവവികാസങ്ങൾ.
പരിപാടിക്ക് അനുമതി തേടിയെങ്കിലും പൊലീസിന്റെ നിലപാട് അനുകൂലമായില്ല. ഇതോടെ പ്രതിഷേധം മറ്റൊരു രീതിയിൽ നടത്തുമെന്ന പ്രഖ്യാപനവുമായി സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ രംഗത്തെത്തി.ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിൽ 'ജയിൽ ഭാരോ ആന്ദോളൻ' (ജയിൽ നിറയ്ക്കൽ സമരം) സംഘടിപ്പിക്കുമെന്ന് അഭിജീത് ദീപ്കെ അറിയിച്ചത്.
പൗരന്മാരുടെ ശബ്ദം അടിച്ചമർത്താനുള്ള ഇത്തരം സ്വേച്ഛാധിപത്യ തന്ത്രങ്ങൾ അംഗീകരിക്കാനാകില്ലെന്ന് അഭിജീത് ദീപ്കെ എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചു. സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടാൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശിവാജി പാർക്ക് പ്രദേശം 'സൈലൻസ് സോൺ' ആണെന്നാണ് മുംബൈ പൊലീസിന്റെ വിശദീകരണം. ബോംബെ ഹൈക്കോടതിയുടെ 2013ലെ ഉത്തരവ് പ്രകാരം ഇവിടെ ഇത്തരം യോഗങ്ങൾക്കും പ്രകടനങ്ങൾക്കും അനുമതി നൽകാൻ പൊലീസിന് അധികാരമില്ലെന്നും അധികൃതർ അറിയിച്ചു.
വോട്ടർപ്പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനുള്ളിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് സി.ജെ.പി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിലും ഒഴിവാക്കുന്നതിലും കമ്മീഷൻ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണയെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .