മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തതില്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ അപകടത്തില്‍ മൂന്ന് നവജാതശിശുക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.ആശുപത്രിയുടെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 'സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ്'തീപിടിത്തമുണ്ടായത്.
ഐ.സി.യുവില്‍ ഉണ്ടായിരുന്ന വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. നിമിഷങ്ങള്‍ക്കുള്ളില്‍ വാര്‍ഡിലാകെ കട്ടിയിലുള്ള പുകയും തീയും പടര്‍ന്നുപിടിക്കുകയായിരുന്നു.അപകടസമയത്ത് 39 നവജാതശിശുക്കളാണ് ഈ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നത്. പുക ഉയര്‍ന്നതോടെ ഉടന്‍ തന്നെ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ജീവനക്കാര്‍ കുഞ്ഞുങ്ങളെ വേഗത്തില്‍ പുറത്തെത്തിച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
എങ്കിലും, ഗുരുതരമായി പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചത്്. പുക ശ്വസിച്ച് നില വഷളായ 6 നവജാതശിശുക്കളെ ഉടന്‍ തന്നെ സമീപത്തുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവരുടെ നില നിലവില്‍ ഗുരുതരമായി തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അപകടത്തിന് കാരണമെന്നതടക്കം സുരക്ഷാവീഴ്ചയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.