സൗദി അറേബ്യയിലെ തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്‌സി മോൾ മാത്യു (46), കോട്ടയം കുറുമല്ലൂർ സ്വദേശിനി ആനചെരിഞ്ഞ കുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്‌നാട് സ്വദേശികളായ വിജയലക്ഷ്മി ജഗദീഷ് (37), ഹെപ്‌സിബ ദേവമണി (33) എന്നിവരാണ് മരിച്ച മറ്റ് നഴ്‌സുമാർ. വാഹനമോടിച്ചിരുന്ന സൗദി പൗരനും അപകടത്തിൽ മരിച്ചു.
റാനിയയിൽനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെവച്ചാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽനിന്ന് തെന്നിമാറി മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്ഥലത്തോ പിന്നാലെയോ മരിച്ചതായാണ് വിവരം.
തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ, അൽ അവെയ്‌ല ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച അവധിയായതിനാൽ ഷോപ്പിങ്ങിനായി സൗദി പൗരന്റെ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾ ആരംഭിച്ചതായാണ് വിവരം.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .